ഡബ്ലിൻ: അയർലൻഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ. ഇന്നലെ മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മയക്കുമരുന്ന് കൈവശം സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പകരം ആരോഗ്യപരമായ ഇടപെടലുകൾക്ക് മുൻഗണന നൽകുന്ന ഹെൽത്ത് റെഫറൽ സ്കീമിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. നേരത്തെ മയക്കുമരുന്ന് സ്വന്തം ഉപയോഗത്തിനായി കൈവശം വയ്ക്കുന്നവർക്ക് ജയിൽ ശിക്ഷയുൾപ്പെടെ അനുഭവിക്കേണ്ടതായി വന്നിരുന്നു.
ആരോഗ്യമന്ത്രാലയം, എച്ച്എസ്ഇ, നീതിവകുപ്പ് എന്നിവ സംയുക്തമായിട്ടാണ് പുതിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇനി മുതൽ മയക്കുമരുന്നുമായി പിടിയിലാകുന്ന ചെറിയ കേസുകളിൽ പ്രതികൾക്കെതിരെ ക്ലിനിക്കൽ നടപടികൾ ആയിരിക്കും സ്വീകരിക്കുക. അതായത് കൗൺസിലിംഗ് ഉൾപ്പെടെ നൽകി ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആയിരിക്കും സ്വീകരിക്കുക. അതേസമയം 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ നടപടികൾക്ക് വിധേയരാകേണ്ടതായി വരിക.

