ഡബ്ലിൻ ; മിന്നൽ പ്രളയത്തിൽ തകർന്ന നേപ്പാളിന് കൈത്താങ്ങായി അയർലൻഡ് . 500,000 യൂറോ അടിയന്തര സഹായം അയർലൻഡ് സർക്കാർ പ്രഖ്യാപിച്ചു.
നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിദേശകാര്യ മന്ത്രി ഹെലൻ മക്എൻറിയും അന്താരാഷ്ട്ര വികസന സഹമന്ത്രി നീൽ റിച്ച്മണ്ടും ചേർന്നാണ് 500,000 യൂറോ അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് തുടങ്ങി ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകുന്ന സംഘടനകൾ വഴിയും സഹായങ്ങൾ നൽകും.
നിലവിൽ സുരക്ഷിതമായ കുടിവെള്ളം, അടിസ്ഥാന ദുരിതാശ്വാസ വസ്തുക്കൾ, പ്രഥമശുശ്രൂഷ, ആരോഗ്യ സഹായം എന്നിവയ്ക്കാണ് അയർലൻഡ് സർക്കാർ മുൻ ഗണന നൽകിയിരിക്കുന്നത് .
“ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആവശ്യാനുസരണം പ്രതികരിക്കുന്നതിൽ അയർലൻഡിന് അഭിമാനകരമായ ചരിത്രമുണ്ട്. നേപ്പാളിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു, ജീവൻ അപഹരിച്ചു, വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. IFRC-യും നേപ്പാളീസ് റെഡ് ക്രോസും ദുരിതബാധിതർക്ക് സഹായം നൽകുമ്പോൾ ഇന്ന് പ്രഖ്യാപിച്ച സഹായങ്ങളും അവർക്ക് പിന്തുണയാകും .”റിച്ച്മണ്ട് പറഞ്ഞു.

