ഡബ്ലിൻ: ഡബ്ലിൻ നഗരത്തിന്റെ വികസനത്തിനായി മെട്രോലിങ്ക് പദ്ധതി അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട് ഡബ്ലിൻ ചേംബർ. ഡാറ്റാ സെന്ററുകളെയും മറ്റ് സാങ്കേതിക വികസനങ്ങളെയും അവസരമായിട്ടാണ് കാണുന്നത് എന്നും ഇവയൊന്നും തന്നെ ഡബ്ലിന്റെ വികസനത്തിന് തടസ്സമല്ലെന്നും ബിസിനസ് ഗ്രൂപ്പിന്റെ പുതിയ പ്രസിഡന്റും ഗ്യാസ് നെറ്റ്വർക്ക്സ് അയർലൻഡ് സിഇഒയുമായ ഡേവിഡ് കെല്ലി പറഞ്ഞു. ചേംബറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡബ്ലിന്റെ മത്സരക്ഷമതയും ഭാവി വളർച്ചയും ഉറപ്പാക്കുന്നതിന് ആവശ്യമായ വികസന പദ്ധതികൾ ത്വരിതപ്പെടുത്തണമെന്ന് കെല്ലി സർക്കാരിനോട് ആവശ്യപ്പെട്ടു. അയർലൻഡിലെ തന്നെ മൂന്നിലൊന്ന് തൊഴിലവസരങ്ങളും ഉള്ളത് ഡബ്ലിനിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ 500 ലധികം ബിസിനസുകാരാണ് പങ്കെടുത്തത്.

