ഡബ്ലിൻ : അന്തരിച്ച കപ്പൂച്ചിൻ ഡേ സെന്ററിന്റെ സ്ഥാപകൻ ബ്രദർ കെവിൻ ക്രോളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഡബ്ലിനിൽ ഇന്ന് 11 മണിയ്ക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഡബ്ലിൻ സിറ്റിസെന്ററിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇന്നലെ രാവിലെ മുതൽ അദ്ദേഹത്തിന്റെ ഭൗതികദേഹം ചർച്ച് സ്ട്രീറ്റിലെ സെന്റ് മേരി ഓഫ് ഏഞ്ചൽസിൽ പൊതുദർശനത്തിനായി വച്ചിരുന്നു. നിരവധി പേരാണ് ഇവിടേയ്ക്ക് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. ശേഷം വൈകീട്ടോടെ പ്രത്യേക പ്രാർത്ഥനയും നടന്നു. കെവിൻ ക്രോളിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്, മുൻ പ്രധാനമന്ത്രി ബെർട്ടി അഹെൻ, ഡബ്ലിൻ ലോർഡ് മേയർ എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.

