ഡബ്ലിൻ: ഫീനിക്സ് പാർക്കിലെ മാഗസിൻ ഫോർട്ട് ഇന്ന് തുറക്കും. പൊതുമരാമത്ത് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി അറ്റകുറ്റപ്പണികളുടെ ഭാഗമായി കോട്ട അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് കോട്ട തുറന്ന് നൽകുന്നതെന്ന് പൊതുമരാമത്ത് ഓഫീസ് വ്യക്തമാക്കി.
ഡബ്ലിനിലെ ഏറ്റവും ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ കോട്ട. 1700 കളിലാണ് ഈ കോട്ട നിർമ്മിച്ചത്. സൈനിക എൻജിനീയറായ ജോൺ കോർണൈൽ ആയിരുന്നു ഈ കോട്ട സൈന്യത്തിനായി രൂപകൽപ്പന ചെയ്തത്. 1734 നും 1736 നും ഇടയിൽ ആയുധങ്ങളുടെ സംഭരണ കേന്ദ്രമായിരുന്നു ഈ കോട്ട. ഡബ്ലിനിൽ കാസിലിൽ ഉൾപ്പെടെയുണ്ടായിരുന്ന വെടിയുണ്ടകളും മറ്റും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഈസ്റ്റർ കലാപത്തിലുൾപ്പെടെ ഈ കോട്ട നിർണായക പങ്കാണ് വഹിച്ചത്.

