ഡബ്ലിൻ: ലഹരി ഉപയോഗത്തിൽ നിന്നും പുതുതലമുറ വിട്ട് നിൽക്കണമെന്ന അഭ്യർത്ഥനയുമായി ലൗത്തിലെ ദ്രോഗെഡയിൽ സ്വദേശി ഡിലൻ. ഒരുകാലത്ത് കൊക്കെയ്ൻ ഉപയോഗത്തിന് അടിമയായിരുന്ന ഡിലൻ വളരെപാടുപെട്ടാണ് ഈ ശീലത്തിൽ നിന്നും മുക്തി നേടിയത്. ലഹരി തന്റെ ജീവിതം തന്നെ ഇല്ലാതാക്കിയെന്നും 23 കാരനായ ഡിലൻ പറഞ്ഞു.
17ാം വയസ്സിൽ ആയിരുന്നു ഡിലൻ ലഹരി ഉപയോഗം ആരംഭിച്ചത്. കോവിഡ് സമയത്ത് ഇത് രൂക്ഷമായി. മുറിയിൽ ഇരുന്ന് ഒന്നിൽ കൂടുതൽ തവണ ദിവസവും ലഹരി ഉപയോഗിക്കുക പതിവായി. രണ്ട് വർഷക്കാലം ഇത് തുടർന്നു. ദിവസേന 500 യൂറോയോളം ലഹരി ഉപയോഗത്തിനായി ഡിലന് ആവശ്യമായി വന്നു. ഇതോടെ വായ്പകളും മറ്റും എടുക്കാൻ ആരംഭിച്ചു. ഒടുവിൽ ജീവിതം കൈവിട്ട് പോകുമെന്ന ഘട്ടം എത്തിയതോടെ ഡിലൻ ഇതിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുകയായിരുന്നു.
ഇതേ തുടർന്ന് 2021 നവംബർ 30 ന് സ്മാർമോർ കാസിൽ പുരനധിവാസ കേന്ദ്രത്തിൽ ചികിത്സ തേടി. പൂർണമായും ലഹരിയിൽ നിന്നും മുക്തനായ ഡിലൻ പിന്നീട് പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഡിലൻ പറഞ്ഞു.

