ഡബ്ലിൻ: ആശുപത്രികളിൽ രോഗികൾ തിങ്ങിനിറയുന്നതും മോശം സാഹചര്യത്തിൽ തൊഴിൽ ചെയ്യേണ്ടിവരുന്നതും നഴ്സുമാരുടെ മാനസിക നിലയെ ബാധിക്കുന്നതായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. നഴ്സുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ നടപടികൾ വേണമെന്നും സംഘടന ആവശ്യപ്പെട്ടു. അടുത്തകാലത്ത് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായ തോതിൽ തന്നെ വർധിച്ചിട്ടുണ്ട്. ഇതിന് പുറമേ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണത്തിലും വർധനവുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഐഎൻഎംഒ രംഗത്ത് വന്നിരിക്കുന്നത്.
ഈ ആഴ്ച ഐഎൻഎംഒയുടെ വാർഷിക സമ്മേളനം ഡണ്ടാൽക്കിൽ നടക്കുന്നുണ്ട്. ഇതിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷേമം, മാനസിക സ്ഥിരത എന്നീ വിഷയങ്ങൾ ചർച്ചയാകും. പല ആശുപത്രികളിലും ജീവനക്കാർ കുറവുള്ള ഡിപ്പാർട്ട്മെന്റുകളിൽ നഴ്സുമാർക്ക് പതിവായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണം കൃത്യമായി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി.

