ഡബ്ലിൻ: ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച കപ്പൽ എംവി ഹോണ്ടിയസിൽ നിന്നും ഐറിഷ് പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ്. പൗരന്മാരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനം ഉൾപ്പെടെ തയ്യാറാക്കിയിട്ടുണ്ട്. കപ്പൽ ഇന്ന് കാനറി ദ്വീപുകളിൽ ഒന്നായ ടെനറൈഫിൽ നങ്കൂരമിടും. ഇവിടെ നിന്നും കപ്പലിൽ നിന്നുള്ള മുഴുവൻ പൗരന്മാരെയും ഒഴിപ്പിക്കാനാണ് തീരുമാനം.
രണ്ട് ഐറിഷ് പൗരന്മാരാണ് എം.വി ഹോണ്ടിയസിൽ ഉള്ളത്. ടെനറൈഫിൽ വച്ച് ആരോഗ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും ഐറിഷ് പൗരന്മാരെ രാജ്യത്തേയ്ക്ക് എത്തിക്കുക. പ്രത്യേക പ്രോട്ടോകോളുകൾ പ്രകാരം ആയിരിക്കും പൗരന്മാരെ കപ്പലിൽ നിന്നും ഒഴിപ്പിക്കുക. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും സ്പാനിഷ് അധികൃതരും ഇതിന് മേൽനോട്ടം വഹിക്കും. കപ്പലിലുള്ള രണ്ട് ഐറിഷ് പൗരന്മാരെയും നേരിട്ട് അയർലൻഡിലേക്ക് മാറ്റാനാണ് തീരുമാനം.

