ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിമർശിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ ഗൗതം ഗംഭീർ . ടീം മാനേജ്മെന്റ് ക്യാപ്റ്റനെ വിലയിരുത്തുന്നത് സ്ഥിതിവിവരക്കണക്കുകൾ നോക്കിയല്ല, മറിച്ച് ടോപ് ഓർഡറിലെ ആക്രമണാത്മക സമീപനത്തിന്റെ സ്വാധീനം നോക്കിയാണെന്ന് ഗൗതം ഗംഭീർ പറഞ്ഞു.
ടോപ് സ്ഥാനത്തെത്തിയ രോഹിത്തിന്റെ ശക്തമായ ബാറ്റിംഗ് ഡ്രസ്സിംഗ് റൂമിന് ആശ്വാസകരമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് ഗംഭീർ പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ ഇത്ര മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണെങ്കിൽ അത് ഡ്രെസ്സിങ് റൂം അന്തരീക്ഷം മികച്ചതാക്കുന്നു. നിങ്ങൾ രോഹിത് എത്ര റൺസ് അടിച്ചെന്നാണ് നോക്കുന്നത്. എന്നാൽ ഇന്ത്യൻ ടീം നോക്കുന്നത് രോഹിത് ഇന്ത്യൻ ടീമിൽ സൃഷ്ടിക്കുന്ന ഇംപാക്ട് ആണ്. അതാണ് വ്യത്യാസം.
മാധ്യമപ്രവർത്തകർ, ക്രിക്കറ്റ് വിദഗ്ധർ എല്ലാവരും നമ്പറാണ് നോക്കുന്നത്. എന്നാൽ ഇന്ത്യൻ ടീം പരിശീലകനും ടീമിലെ താരങ്ങൾക്കും നമ്പറിലേക്കോ ശരാശരിയിലേക്കോ നോക്കേണ്ടതില്ല. ടീമിന്റെ ആവശ്യങ്ങളിൽ ആദ്യം മുന്നോട്ടുവരുന്നത് ക്യാപ്റ്റനാണെങ്കിൽ അതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്നും ഗംഭീർ വ്യക്തമാക്കി.