ഡബ്ലിൻ: വൻ ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി മൈൻഡ് ( മലയാളി ഇന്ത്യൻസ് അയർലന്റ്) മെഗാമേള. ഇരുപതിനായിരത്തോളം ആളുകൾ പരിപാടിയുടെ ഭാഗമായി. സംഘാടക മികവും ശ്രദ്ധേയമായി.
രാവിലെ 9.30 മുതൽ രാത്രി 10.30 വരെ ആയിരുന്നു മെഗാമേളയോട് അനുബന്ധിച്ചുള്ള പരിപാടികൾ അരങ്ങേറിയത്. ഫിൻഗൽ കൗണ്ടി കൗൺസിൽ ഡെപ്യൂട്ടി മേയർ ജോൺ കിംഗ്സ്ലി, സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ, മന്ത്രി തോമസ് ബേൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നിലവിളക്ക് കൊളുത്തിയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. മൈൻഡ് പ്രസിഡന്റ് സിജു ജോസ് സ്വാഗത പ്രസംഗവും സെക്രട്ടറി സാജുകുമാർ നന്ദിപ്രസംഗവും നിർവ്വഹിച്ചു.
ഉന്നത നിലവാരത്തിലുള്ള കലാപരിപാടികൾ ആയിരുന്നു മെഗാമേളയിൽ അരങ്ങേറിയത്. മൈൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പാർട്ണറായ മാറ്റർ ഹോസ്പിറ്റൽ ഫൗണ്ടേഷന് വേണ്ടി നടത്തിയ വാക്കിംഗ് ചാലഞ്ചിൽ കൂടുതൽ ധനസമാഹരണം നടത്തിയവരെ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ട്രോഫികൾ നൽകി ആദരിച്ചു.

