മഹാബലിയെ പോലൊരു ഭരണാധികാരിയും , കള്ളവും ചതിയൊന്നുമില്ലാത്ത ശാന്തസുന്ദരമായ നാടും . നടക്കില്ലെന്ന് അറിയാമെങ്കിലും കേരളത്തിൽ പലരുടെയും ആഗ്രഹമാണത് .മഹാബലിയുടെ ആസ്ഥാന നഗരിയായ തൃക്കാക്കര ഒരുകാലത്ത് അങ്ങനെയായിരുന്നു എന്നാണ് പറയപ്പെടുന്നത് . ഇന്ത്യയിൽ വാമന സങ്കല്പത്തിലുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. എന്നും സമ്പൽ സമൃദ്ധിയുണ്ടായിരുന്ന നാടെന്നാണ് തൃക്കാക്കരയെ പറ്റിയുള്ള സങ്കൽപ്പം . ഇന്ന് പഴമക്കാരുടെ മനസിൽ മാത്രമാണ് ഈ സങ്കൽപ്പങ്ങളൊക്കെ . എങ്കിലും അങ്ങനെയൊരു ദിവസം സ്വപ്നം കണ്ട് ഇന്നും വോട്ട് ചെയ്യുന്നവരുമുണ്ട്.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമണ്ഡലം.2011 ൽ കോൺഗ്രസിന്റെ ബെന്നി ബഹ്നാനാണ് ഈ മണ്ഡലത്തിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് . 2016 മുതൽ 2021 വരെ മണ്ഡലത്തെ നയിച്ചത് പിടി തോമസാണ്.
2021 ൽ ഇടതുപക്ഷത്തിനായി ജെ. ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തി. ബിജെപിക്കായി എസ്. സജിയും ട്വന്റി-20 ക്കായി ടെറി തോമസും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ 59,839 വോട്ടുകൾ നേടി പി. ടി. തോമസ് വിജയിച്ചു. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി. ടി. തോമസ് തിരഞ്ഞെടുക്കപ്പെട്ടത്.വിജയത്തിന് മാസങ്ങൾക്ക് ശേഷം പി. ടി. തോമസിന്റെ അപ്രതീക്ഷിത മരണം ഉണ്ടായി.
പി. ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് . ഉമ തോമസ് 72,770 വോട്ടുകൾ നേടി വലിയ വിജയം കൈവരിച്ചു . ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ ഉമാ തോമസുണ്ട്. എൽഡിഎഫിന്റെ പുഷ്പ ദാസും ട്വന്റി20യുടെ അഖിൽ മാരാരുമാണ് എതിരാളികൾ.
തിരഞ്ഞെടുപ്പ് കാലത്തിന് അപ്പുറം ജനങ്ങൾക്കിടയിൽ നിൽക്കുന്നവരെയാണ് തൃക്കാക്കര തിരഞ്ഞെടുക്കുന്നത്. പിടി തോമസിന്റെ വേർപാടിന്റെ സമയത്ത് ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിയ ഉമാ തോമസിനെ അവർ ചേർത്ത് പിടിച്ചതും അതുകൊണ്ട് തന്നെയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസ്യതയ്ക്കാണ് ജനമനസിൽ സ്ഥാനം . അതുറപ്പിക്കാനായാൽ വിജയം കൂടെ പോരും . ഇത്തവണ തൃക്കാക്കര ഒന്ന് കൂടി വോട്ട് ചെയ്യും , ചിലപ്പോ ആ പഴയ സുന്ദരനാളുകൾ തിരിച്ചുകിട്ടിയാലോ ….

