കുടിയേറ്റ ജനതയുടെ ആത്മവിശ്വാസവും പോരാട്ടവീര്യവുമൊക്കെ കൂട്ടിക്കലർന്ന നാടാണ് പൂഞ്ഞാർ . രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അവർ തെളിയിക്കുന്നത് തെരഞ്ഞെടുപ്പ് കാലങ്ങളിലാണ്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും ഈരാറ്റുപേട്ട നഗരസഭയും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.
ചരിഞ്ഞ ഭൂപ്രകൃതിയും നിബിഡമായ റബ്ബർ തോട്ടങ്ങളും ഇടുക്കി ഹൈറേഞ്ചിനോട് ചേർന്നുകിടക്കുന്ന ജനവാസ മേഖലകളുമാണ് പൂഞ്ഞാറിന്റെ പ്രത്യേകത. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് റബ്ബർ കൃഷിയാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾ ഇവിടുത്തെ ഓരോ വീടിന്റെയും ഭാവി തന്നെയാണ്.
1980 ലും, 1982 ലും കേരള കോൺഗ്രസിലെ പി സി ജോർജ്ജാണ് പൂഞ്ഞാറിന്റെ എം എൽ എ ആയത്. 87 ൽ പിസിയെ പരാജയപ്പെടുത്തി ജെ എൻ പിയിലെ എൻ എം ജോസഫ് ഇവിടെ വിജയിച്ചു. പിന്നെ 1996 മുതൽ മണ്ഡലം പിസിയുടെ കോട്ടയായി. ജോസഫിന്റെ കയ്യിൽ നിന്ന് തിരികെ പിടിച്ച മണ്ഡലത്തിന്റെ അമരക്കാരനായി പിസി ജോർജ്.
പൂഞ്ഞാർ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായം അവസാനിച്ച വർഷമായിരുന്നു 2021. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ പി. സി. ജോർജിനെ പരാജയപ്പെടുത്തി. കുളത്തുങ്കൽ ഏകദേശം 55,000 വോട്ടുകൾ നേടിയപ്പോൾ ജോർജിന് 40,000 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 14,500 വോട്ടുകളുടെ ഭൂരിപക്ഷമാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നേടിയത്.
നിലവിലെ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നേയാണ് ഇത്തവണയും എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. എൻ ഡി എയ്ക്കായി പിസി ജോർജും മത്സരത്തിനിറങ്ങിക്കഴിഞ്ഞു. അഡ്വ.സെബാസ്റ്റ്യൻ എം.ജെ.യാണ് യുഡിഎഫ് സ്ഥാനാർത്ഥി.
പാരമ്പര്യമായി കേരള കോൺഗ്രസിനോടാണ് പൂഞ്ഞാറുകാർക്ക് പ്രിയം. പുതുതലമുറ അൽപ്പം മാറ്റി ചിന്തിക്കുന്നവരാണ് . സ്റ്റാർട്ടപ്പുകൾ മുതൽ മെട്രോ സിറ്റി വരെയുള്ള വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് ഇന്ന് മുൻഗണന . കർഷകർക്കിടയിൽ സ്വീകാര്യതയുള്ള, ഏത് സമയത്തും ലഭ്യമാകുന്ന നേതാക്കളെയാണ് പഴയ തലമുറ ആഗ്രഹിക്കുന്നത്. ഇതൊക്കെ സാധ്യമാക്കാൻ പോകുന്ന എന്തിനും പോന്ന അമരക്കാരനെ കാത്തിരിക്കുകയാണ് പൂഞ്ഞാർ .

