പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ 15 വർഷത്തെ തേരോട്ടത്തിന് അറുതി വരുത്തി ബിജെപി. അസമിലും ബിജെപി അധികാരം നിലനിർത്തി. തമിഴ്നാട്ടിൽ കന്നിയങ്കത്തിൽ തന്നെ കളം പിടിച്ച് വിജയുടെ തമിഴക വെട്രി കഴകം. കേരളത്തിൽ തുടർച്ചയായ 10 വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തി കോൺഗ്രസിന്റെ ഗംഭീര തിരിച്ചുവരവ്.
തിങ്കളാഴ്ച പുറത്ത് വന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്ത് വലിയ തോതിൽ ചർച്ചയാകുമയാണ്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും കേരളത്തിലും ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ, അസമിലും പുതുച്ചേരിയിലും അത്തരമൊരു സാഹചര്യം ഉണ്ടായില്ല.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തറപറ്റിച്ച് ബിജെപി നേടിയ മഹാവിജയമാണ് രാജ്യത്ത് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. ഉത്തര ബംഗാളിൽ മാത്രമല്ല, ദക്ഷിണ ബംഗാളിലും ഇക്കുറി ബിജെപി വ്യക്തമായ മേൽക്കൈ നേടി. കൊൽക്കത്തയിലും നോർത്ത് 24 പർഗാനയിലും സൗത്ത് 24 പർഗാനയിലും ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചു. ഭവാനിപൂരിൽ മമത ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് അടിയറവ് പറഞ്ഞു.
അസമിൽ തുടർച്ചയായ മൂന്നാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തെ 60 സീറ്റുകൾ ഇക്കുറി 82 ആക്കി ഉയർത്താൻ ബിജെപിക്ക് സാധിച്ചു. സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെ, 126ൽ 97 സീറ്റുകളിലും വിജയിക്കാൻ എൻഡിഎ സഖ്യത്തിന് സാധിച്ചു. ഇവിടെ കോൺഗ്രസിന് വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ജോർഹട്ടിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ് തോറ്റു.
തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളെ കടന്നാക്രമിച്ചാണ് നടൻ വിജയുടെ ടിവികെ വിജയം കുറിച്ചത്. സ്വന്തം തട്ടകമായ കൊളത്തൂരിൽ 8,795 വോട്ടുകൾക്കാണ് സ്റ്റാലിനെ ടിവികെ പരാജയപ്പെടുത്തിയത്. മകൻ ഉദയനിധി സ്റ്റാലിന് ചെപ്പോക്കിൽ പിടിച്ചു നിൽക്കാൻ സാധിച്ചെങ്കിലും, ഡിഎംകെ മന്ത്രിസഭയിലെ മിക്ക അംഗങ്ങളും തോൽവി രുചിച്ചു.
234 അംഗ തമിഴ്നാട് നിയമസഭയിൽ ടിവികെ കേവല ഭൂരിപക്ഷത്തിന് അരികെ എത്തിയിട്ടുണ്ട്. കേവല ഭൂരിപക്ഷമായ 117 കടക്കാൻ അവർക്ക് സാധിച്ചില്ലെങ്കിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ചേർത്ത് അവർ തൂക്ക് സഭയ്ക്ക് ശ്രമിച്ചേക്കും. പെരമ്പൂരിലും ഈസ്റ്റ് തിരുച്ചിറപ്പള്ളിയിലും വിജയ് ജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
കേരളത്തിൽ പിണറായി വിജയൻ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തറപറ്റിച്ചാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് അധികാരത്തിലേക്ക് എത്തിയിരിക്കുന്നത്. 140 അംഗ നിയമസഭയിൽ 102 സീറ്റുകളാണ് യുഡിഎഫിന് ഉള്ളത്. എൽഡിഎഫിന് ആകട്ടെ കേവലം 35 സീറ്റുകൾ മാത്രമാണ് ഉള്ളത്. മന്ത്രിസഭയിലെ 13 മന്ത്രിമാർ പരാജയമടഞ്ഞപ്പോൾ, പിണറായി വിജയൻ ധർമ്മടത്ത് കഷ്ടിച്ച് പിടിച്ചു നിന്നു.
ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് 3 സീറ്റുകളിൽ വിജയം നേടാൻ ബിജെപിക്ക് സാധിച്ചു. ഇതിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേമത്തെ വിജയം ശ്രദ്ധേയമാണ്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും എൻഡിഎ അധികാരം നിലനിർത്തി. സഖ്യത്തിലെ വലിയ കക്ഷിയായ ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് 12 സീറ്റുകൾ നേടിയപ്പോൾ, ബിജെപി നാലിടത്ത് വിജയിച്ചു. ഡി എം കെക്ക് 5 സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു.
പശ്ചിമ ബംഗാളിലെ ബിജെപി വിജയത്തെ ചരിത്രപരം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ബംഗാളിൽ പരിവർത്തനം സംഭവിച്ചുവെന്ന് അദ്ദേഹം ഡൽഹിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അവകാശപ്പെട്ടു.
ബംഗാളിന്റെ ഭാവിയിൽ ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്. ബംഗാൾ ഭയമുക്തമായിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഗംഗോത്രി മുതൽ ഗംഗാ സാഗർ വരെ താമര വിരിഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബംഗാളിൽ ഇനി അക്രമസംഭവങ്ങൾ അവസാനിക്കുന്ന കാലമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാരീശക്തിയാണ് വികസിത ഭാരതത്തിന്റെ നെടുംതൂണുകളിൽ ഒന്ന്. ഇന്ന് കോൺഗ്രസിനെയും തൃണമൂലിനെയും ഡിഎംകെയെയും രാജ്യത്തെ സ്ത്രീകൽ ശിക്ഷിച്ചിരിക്കുകയാണെന്നും, വനിതാ സംവരണ ഭേദഗതി ബില്ലിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, 2013ലെ 773ൽ നിന്നും 1798ലേക്ക് എത്തിയിരിക്കുകയാണ് ഇന്ന് രാജ്യത്തെ ബിജെപി എം എൽ എമാരുടെ എണ്ണം. നിലവിൽ പാർട്ടിക്ക് രാജ്യത്ത് 17 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുണ്ട്. സഖ്യകക്ഷികളെയും കൂടി ചേർത്താൽ അത് 22 ആകും.
ഒഡിഷയ്ക്ക് പിന്നാലെ ബംഗാളിലും വിജയിക്കാൻ സാധിച്ചതോടെ, കിഴക്കൻ ഇന്ത്യയിലേക്കും ബിജെപി ആധികാരികമായി കടന്ന് വന്നിരിക്കുകയാണ്. ബിജെപിയുടെ ഈ മുന്നേറ്റം രാജ്യത്തെ ആകെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി മറിക്കാൻ പര്യാപ്തമാണ്.

