ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. റൺ മലകൾ കണ്ട മത്സരത്തിൽ 5 വിക്കറ്റിനാണ് ഓസീസിന്റെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറുകളിൽ 8 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 15 പന്തുകൾ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് നേടി വിജയം ആഘോഷിച്ചു.
മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർ ബെൻ ഡക്കറ്റിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ഡക്കറ്റ് 143 പന്തിൽ 17 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 165 റൺസെടുത്തു. ജോ റൂട്ട് 68 റൺസ് എടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി ബെൻ ഡ്വാർഷ്യുസ് 3 വിക്കറ്റുകൾ വീഴ്ത്തി. ആദം സാമ്പയ്ക്കും ലബൂഷെയ്നും 2 വിക്കറ്റുകൾ വീതം ലഭിച്ചു.
മറുപടിയായി ഓസീസ് ബാറ്റ്സ്മാന്മാർ രണ്ടും കൽപ്പിച്ച് ബാറ്റ് വീശിയപ്പോൾ, നിലവാരമില്ലാതെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർ തല്ല് വാങ്ങി വശംകെട്ടു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. ഇംഗ്ലിസ് 86 പന്തിൽ 8 ഫോറുകളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെ 120 റൺസുമായി പുറത്താകാതെ നിന്നു. അലക്സ് കെയ്രി 69 റൺസും ഓപ്പണർ മാത്യു ഷോർട്ട് 63 റൺസും നേടി. 15 പന്തിൽ 32 റൺസുമായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച മാക്സ്വെലും പുറത്താകാതെ നിന്നു.
ഇന്ത്യയിൽ നിന്നും തല്ല് വാങ്ങി കൂട്ടിയ ജോഫ്ര ആർച്ചറും സംഘവും പാകിസ്താനിലും അത് ആവർത്തിച്ചു. ആർച്ചർ 10 ഓവറിൽ 82 റൺസ് വഴങ്ങി ഒരു വിക്കറ്റ് എടുത്തപ്പോൾ, മാർക്ക് വുഡ് 9.3 ഓവറിൽ 75 റൺസും ബ്രൈഡൻ കാഴ്സ് 7 ഓവറിൽ 69 റൺസും വഴങ്ങി ഓരോ വിക്കറ്റുകൾ വീഴ്ത്തി.