ഹൈദരാബാദ്: അല്ലു അർജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ട് വയസ്സുകാരനെ അഞ്ച് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ന്യൂറോ റിഹാബിലിറ്റേഷൻ സെൻ്ററിലേക്ക് മാറ്റി.ന്യൂറോ റിഹാബ് സേവനങ്ങൾ തുടരുന്നതിനാണ് ശ്രീതേജിനെ ന്യൂറോ റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് സെക്കന്തരാബാദിലെ കിംസ് കഡിൽസ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഓക്സിജനോ ശ്വസന പിന്തുണയോ ആവശ്യമില്ലെന്നും അതിൽ പറയുന്നു. 2024 ഡിസംബർ 4 നായിരുന്നു അപകടം .പുഷ്പ സിനിമയുടെ റിലീസിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ശ്രീതേജയുടെ അമ്മ മരണപ്പെട്ടിരുന്നു . പോലീസും സമീപത്തുണ്ടായിരുന്നവരുമാണ് CPR നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കേസിൽ പെട്ട് അല്ലു അർജുനെ ഹൈദരാബാദ് പോലീസ് ഡിസംബർ 13 ന് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി പിന്നീട് ജാമ്യം നൽകുകയും ചെയ്തു. അല്ലു അർജുനും ‘പുഷ്പ’ സിനിമയുടെ നിർമ്മാതാക്കളും കുട്ടിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ ധനസഹായം നൽകിയിരുന്നു. തെലങ്കാന സർക്കാരും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.