ബെംഗളൂരു ; ദുബായിൽ നിന്ന് 12 കോടിയിലധികം വിലമതിക്കുന്ന 14.8 കിലോഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ച കന്നഡ ചലച്ചിത്ര നടി രണ്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത് .
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയെ പിടികൂടിയത്. നടി ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് എത്തിയത് . അറസ്റ്റിനു ശേഷം രണ്യ റാവുവിനെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രണ്യ റാവുവിന്റെ ആവർത്തിച്ചുള്ള വിദേശ യാത്രകളിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവർ ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനുള്ളിൽ നാല് തവണ അവർ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്നും സംശയം ഉണ്ടായിരുന്നു.
വസ്ത്രത്തിൽ സ്വർണ്ണക്കട്ടികൾ ഒളിപ്പിച്ചും അതിന്റെ ഒരു പ്രധാന ഭാഗം ധരിച്ചുമാണ് താരം എത്തിയത്. സ്വർണ്ണത്തിന്റെ വലിയൊരു ഭാഗം ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സീനിയർ ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ മകളാണ് രണ്യ റാവു.