സുരേഷ് ഗോപി ചിത്രം ജാനകി v/s ദ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)യ്ക്ക് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ് . ചിത്രം ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് അനുമതി നിഷേധിച്ചത്. സംവിധായകന് പ്രവീണ്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.
ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്റെ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണിത്. എന്നാൽ സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോസ്മോസ് എന്റർടൈൻമെന്റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന് തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.

