വാഷിംഗ്ടൺ : ഇറാന് ആയുധങ്ങൾ നൽകരുതെന്ന് ചൈനയോട് ആവശ്യപ്പെട്ട് പ്രസിഡന്റ് ഷി ജിൻപിങ്ങിന് കത്തെഴുതിയതായി വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മറുപടിയായി, താൻ അങ്ങനെ ചെയ്യുല്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഷിയും മറുപടി കത്ത് എഴുതിയതായി ട്രംപ് പറഞ്ഞു. ഇറാനിലേക്ക് അത്യാധുനിക ആയുധങ്ങൾ അയയ്ക്കാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എണ്ണവില പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
“ഹോർമുസ് കടലിടുക്ക് എന്നെന്നേക്കുമായി തുറക്കുന്നതിൽ ചൈന വളരെ സന്തോഷിക്കുന്നു. ഞാൻ അവർക്കും ലോകത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ സാഹചര്യം ഇനി ഒരിക്കലും ഉണ്ടാകില്ല. ഇറാനിലേക്ക് ആയുധങ്ങൾ അയയ്ക്കില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഞാൻ അവിടെ എത്തുമ്പോൾ, പ്രസിഡന്റ് ഷി എന്നെ ആലിംഗനം ചെയ്യും” പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
അതേസമയം, ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, മിഡിൽ ഈസ്റ്റിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നാല് നിർദ്ദേശങ്ങൾ . പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, വെടിനിർത്തൽ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു റൗണ്ട് ചർച്ചകൾ സാധ്യമാണോ എന്ന് യുഎസും ഇറാനും ആലോചിക്കുന്ന സമയത്താണ് ഈ നിർദ്ദേശങ്ങൾ വരുന്നത്.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയിലാണ് ഷി ജിൻപിംഗ് ഈ നിർദ്ദേശം അവതരിപ്പിച്ചതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങൾക്കിടയിലുള്ള സമാധാനപരമായ സഹവർത്തിത്വം , മിഡിൽ ഈസ്റ്റിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങളുടെ സുരക്ഷയെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുക, ലോകം വീണ്ടും ഒരു അരാജകത്വത്തിലേക്ക് വഴുതിവീഴുന്നത് തടയാൻ ഐക്യരാഷ്ട്രസഭയെ കേന്ദ്രമാക്കി അന്താരാഷ്ട്ര ക്രമം ദൃഢമായി നിലനിർത്തുക, വികസനത്തിന്റെയും സുരക്ഷയുടെയും കാര്യങ്ങളിൽ എല്ലാ രാജ്യങ്ങളും ഒന്നിച്ചുനിൽക്കാനും ചൈന നിർദേശിക്കുന്നു.

