കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയായ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി . കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് ഷുഹൈബ് കീഴടങ്ങുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കും . കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് രാവിലെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകനായ ഫഹദിന് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി നൽകിയത് അബ്ദുൽ നാസറാണെന്ന്
ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. അബ്ദുൽ നാസർ ജോലി ചെയ്യുന്ന സ്കൂളിലാണ് നേരത്തെ ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തി കൊണ്ടാണ് ചോദ്യപ്പേപ്പർ ചോർത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, അബ്ദുൽ നാസറിന്റെ അറസ്റ്റിനു പിന്നാലെ ഇയാളെ സസ്പെന്റ് ചെയ്തുവെന്ന് മഅ്ദിന്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ അധികൃതർ അറിയിച്ചു. കൂടാതെ, അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും, എല്ലാവിധ അന്വേഷണത്തെയും പിന്തുണക്കുമെന്നും മഅ്ദിന്‍ സ്കൂള്‍ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.
ചോർത്തി നൽകിയ ചോദ്യപേപ്പറിൽ ഉള്ളതിന് സമാനമായ ചോദ്യങ്ങളാണ്
എം എസ് സൊലൂഷൻസിന്റെ യൂട്യൂബ് ചാനലിൽ വന്നിരുന്നത്. രസതന്ത്ര പരീക്ഷയിലെ ആകെ 40 മാർക്കിന്റെ ചോദ്യങ്ങളിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷൻസിന്റെ യൂട്യൂബ് ചാനലിൽ വന്നിരുന്നു. തുടർന്ന് ഇത് വിവാദമായിരുന്നു. പിന്നീട് താൽകാലികമായി എം എസ് സൊലൂഷൻസിന്റെ യൂട്യൂബ് ചാനൽ നിർത്തുവയ്ക്കുകയായിരുന്നു.