ന്യൂഡൽഹി ; ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖലിസ്ഥാൻ വിഘടന വാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത് .ഇന്നലെ വൈകിട്ടാണ് സംഭവം . അക്രമത്തെ കേന്ദ്രസർക്കാർ ശക്തമായി അപലപിച്ചു.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച ജയ്ശങ്കർ ഒരു ചർച്ചയിൽ പങ്കെടുത്ത ലണ്ടനിലെ ഛതം ഹൗസിന് പുറത്ത് ഇറങ്ങുമ്പോഴാണ് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ പ്രകടനം നടത്തി. അജ്ഞാതനായ ഒരാൾ മന്ത്രിയുടെ വാഹനത്തിനു മുന്നിൽ നിന്ന് ഇന്ത്യൻ പതാക വലിച്ചു കീറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.വേദിക്ക് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു.
പ്രതിഷേധങ്ങൾക്കിടയിലും, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരെ സന്ദർശിച്ചുകൊണ്ട് ജയ്ശങ്കർ തന്റെ നയതന്ത്ര ഇടപെടലുകൾ തുടർന്നു.
‘ വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങൾ അപലപിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ അവരുടെ നയതന്ത്ര ബാധ്യതകൾ പൂർണ്ണമായും നിറവേറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.