ആലപ്പുഴ: ഡോക്ടർ ദമ്പതിമാരിൽ നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തായ് വാനിൽ താമസിക്കുന്ന വെയ് ചുങ് വാൻ , ഷൈൻ ഹോ എന്നിവരാണ് പിടിയിലായത് . ഗുജറാത്തി പോലീസ് പിടികൂടിയ പ്രതികളെ ആലപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി. നേരത്തെ അറസ്റ്റിലായ കർണാടക സ്വദേശി ഭഗവാൻ റാം ഡി പട്ടേൽ (22), രാജസ്ഥാൻ സ്വദേശി നിർമ്മൽ ജെയിൻ (22) എന്നിവരെ പോലീസ് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിൽ ചൈനീ പൗരന്മാരുടെ പങ്കാളിത്തം കണ്ടെത്തിയത്
കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ് നടന്നത് . ഓഹരി വിപണിയിൽ അമിത ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.ഭഗവാൻ റാം ഡോക്ടർ ദമ്പതികളുമായി വാട്ട്സ്ആപ്പ് വഴി ആശയവിനിമയം നടത്തുകയും ഗ്രൂപ്പ് ചാറ്റ് വഴി നിക്ഷേപ, ലാഭ വിവരങ്ങൾ പങ്കുവെച്ച് അവരെ വലയിലാക്കുകയും ചെയ്തു. പിന്നീട് പണം കൈമാറുന്നതിനുള്ള ലിങ്ക് ഭഗവാൻ റാം അവർക്ക് അയച്ചുകൊടുത്തു. അന്താരാഷ്ട്ര തട്ടിപ്പുകാരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്ന നിർമ്മൽ, തട്ടിയെടുത്ത പണം ക്രിപ്റ്റോകറൻസിയാക്കി മാറ്റി.
ദമ്പതികൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, സംഘം അവരെ ഭീഷണിപ്പെടുത്തി 2 കോടി രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ ദമ്പതികൾ ചേർത്തല പോലീസിൽ പരാതി നൽകി. 5 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതിനാൽ, കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. സൈബർ പോലീസിന്റെ സഹായത്തോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി. അഹമ്മദാബാദ് പോലീസ് ഇവരെ ഇതിനകം അറസ്റ്റ് ചെയ്ത് സബർമതി ജയിലിൽ അടച്ചിട്ടുണ്ടെന്നും വ്യക്തമായി.
പ്രതികളെ ഇന്ന് ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.