പട്യാല: മതിയായ രേഖകൾ ഇല്ലാത്തതിനാൽ അമേരിക്കയിൽ നിന്നും പുറത്താക്കിയ ഇന്ത്യൻ കുടിയേറ്റക്കാരിൽ കൊലക്കേസ് പ്രതികളും ഉൾപ്പെടുന്നു. ശനിയാഴ്ച രാത്രി സി-17 വിമാനത്തിൽ അമൃത്സർ വിമാനത്താവളത്തിൽ വന്നിറങ്ങിയ 116 പേരിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൊലക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
2023ൽ രജിസ്റ്റർ ചെയ്ത ഒരു കൊലപാത കേസിലെ പ്രതികളാണ് അറസ്റ്റിലായ സണ്ണിയും പ്രദീപ് സിംഗും. കേസിൽ മറ്റ് മൂന്ന് പ്രതികൾ കൂടിയുണ്ടെന്ന് സീനിയർ പോലീസ് സൂപ്രണ്ട് നാനാക് സിംഗ് അറിയിച്ചു.
അമേരിക്ക പുറത്താക്കിയ 116 യാത്രക്കാരുമായി ശനിയാഴ്ച രാത്രി 11.35നാണ് സി-17 വിമാനം അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഇതിൽ 65 പേരും പഞ്ചാബ് സ്വദേശികളാണ്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ അമേരിക്കയിലെ ട്രമ്പ് ഭരണകൂടം തീരുമാനിച്ചതിന് ശേഷം ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം എത്തിയത്.