കോഴിക്കോട് : കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത പരാതിയിൽ 11 സീനിയർ എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വച്ച് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന് ആരോപിച്ച് രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി.
പരാതിയെ തുടർന്ന്, കൂടുതൽ വിവരങ്ങൾ അന്വേഷിക്കാനായി അനാട്ടമി വിഭാഗം മേധാവിയെ അധ്യക്ഷനാക്കി കോളേജ് അതികൃതർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികളാണ് റാഗിംഗ് ചെയ്തതെന്ന് കണ്ടെത്തുകയും പിന്നീട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ 11 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കോളേജിലെ റാഗിംഗ് ഉൾപ്പെടെയുള്ള പ്രവണതകൾ തടയാനായി നേരത്തെ നാലു സുരക്ഷാ ജീവനക്കാരെ മെഡിക്കൽ കോളേജ് അധികൃതർ പ്രത്യേകം നിയമിച്ചിരുന്നു. അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് മെഡിക്കൽ കോളേജ് അതികൃതർ പോലീസിന് കൈമാറി. റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
റാഗിംഗ് സംബന്ധിച്ച പരാതിയിൽ നിയമാനുസൃത നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ ജി സജിത്ത് കുമാർ പറഞ്ഞു.