കണ്ണൂർ: ലൈംഗികാതിക്രമ കേസിൽ കോടതി വിധി വരുന്നതുവരെ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഗോവിന്ദന്റെ പരാമർശം.
” ഇത് മറ്റാരും തീരുമാനിക്കേണ്ട കാര്യമല്ല; വിഷയം കോടതി കൈകാര്യം ചെയ്യേണ്ട കാര്യമാണ്. കോടതി നിലപാട് എടുക്കട്ടെ, തുടർന്ന് ഞങ്ങൾ അതനുസരിച്ച് തീരുമാനിക്കും. അതാണ് പാർട്ടിയുടെ നിലപാട്,” എം.വി. ഗോവിന്ദൻ പറഞ്ഞു.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആലുവയിൽ നിന്നുള്ള നടിയാണ് 2024 ഓഗസ്റ്റ് 29 ന് മുകേഷിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 30 ന് കേസ് രജിസ്റ്റർ ചെയ്തു. സിനിമാ അവസരങ്ങളും അമ്മയിൽ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് നടി ആരോപിച്ചത് .