മലപ്പുറം : എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് പ്രബിൻ ആണ് പിടിയിലായത് . കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രബിന്റെ ഭാര്യ വിഷ്ണുജയെ പ്രബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .
വിഷ്ണുജയെ സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചിരുന്നതായും, സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. ഭർത്താവിന്റെ മാനസിക പീഡനമാണ് വിഷ്ണുജ ജീവനൊടുക്കാൻ കാരണമെന്നാണ് വീട്ടുകാർ പറയുന്നത്.
രണ്ട് വർഷം മുൻപാണ് പ്രബിനും , വിഷ്ണുജയും തമ്മിലുള്ള വിവാഹം നടന്നത് . പ്രബിന് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതായി വിഷ്ണുജ പറഞ്ഞിരുന്നതായും അച്ഛൻ പറയുന്നു. പല തവണ പ്രബിൻ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കുടുംബം നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് പ്രബിനെ പിടികൂടിയത്.