ന്യൂഡൽഹി: പാർട്ടി വിട്ട എട്ട് എഎപി എംഎൽഎമാരും ചില പാർട്ടി കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് 4 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ആം ആദ്മി പാർട്ടിക്ക് ഈ കനത്ത തിരിച്ചടി.
ഭാവന ഗൗർ, മദൻ ലാൽ, ഗിരീഷ് സോണി, രാജേഷ് ഋഷി, നരേഷ് യാദവ്, പവൻ ശർമ, ബിഎസ് ജൂൺ, രോഹിത് മെഹ്റോലിയ, മുൻ എംഎൽഎ ബിജേന്ദ്ര ഗാർഗ് എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്ന 8 എംഎൽഎമാർ. ആം ആദ്മി പാർട്ടി മുൻ കൗൺസിലർ അജയ് റായിയും ബിജെപിയിൽ ചേർന്നു.
അഴിമതി ആരോപണങ്ങളും അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി ആശയങ്ങളിൽ നിന്നുള്ള വ്യതിചലനവും ചൂണ്ടിക്കാട്ടിയാണ് എംഎൽഎ രാജിവച്ചത് .
പാർട്ടിയിലും, കെജ്രിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് രാജിയെന്നുമാണ് എം എൽ എ മാർ പറയുന്നത്. സത്യസന്ധമായ രാഷ്ട്രീയം” എന്ന സ്ഥാപക തത്വം എഎപി ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് തന്റെ രാജി കത്തിൽ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ നിറവേറ്റുന്നതിനുപകരം പാർട്ടി “അഴിമതിയുടെ ചതുപ്പിൽ കുടുങ്ങി” എന്ന് അദ്ദേഹം ആരോപിച്ചു
അണ്ണാ ഹസാരെ നയിച്ച അഴിമതിക്കെതിരായ പ്രസ്ഥാനത്തിനിടെ ദളിത്, വാൽമീകി സമുദായങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയോടെയാണ് താൻ എഎപിയിൽ ചേർന്നതെന്ന് രോഹിത് കുമാർ പറഞ്ഞു.
ഈ സമുദായങ്ങളെ ഉയർത്തുമെന്ന് എഎപി വാഗ്ദാനം ചെയ്തെങ്കിലും കരാർ അധിഷ്ഠിത തൊഴിൽ നിർത്തലാക്കൽ, താൽക്കാലിക തൊഴിലാളികളെ സ്ഥിരമായി ഉൾപ്പെടുത്തൽ തുടങ്ങിയ നിർണായക വിഷയങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.