ന്യൂഡൽഹി ; കേന്ദ്ര ബജറ്റിൽ കർഷകർക്ക് പ്രത്യേക പരിഗണന. കാർഷിക മേഖലയെ ശക്തിപ്പെടുത്താനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി ബജറ്റിൽ വർധിപ്പിച്ചു. കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് നൽകുന്ന വായ്പ മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി.
കർഷകർക്ക് വിള ഉൽപാദനത്തിനും കാർഷിക ആവശ്യങ്ങൾക്കും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നബാർഡ് എന്നിവയുടെ സഹകരണത്തോടെ 1988-ൽ ഇന്ത്യാ ഗവൺമെൻ്റ് ഈ പദ്ധതി നടപ്പാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. ഇതിലൂടെ കർഷകർക്ക് വിത്ത്, വളം, കീടനാശിനി, മറ്റ് കാർഷിക ആവശ്യങ്ങൾ എന്നിവ സാധിക്കും.
ഒറ്റയ്ക്കും കൂട്ടായും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭൂവുടമകൾ, പാട്ടത്തിനെടുത്ത കർഷകർ, വാക്കാലുള്ള കരാറുകാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സ്വയം സഹായ സംഘം (എസ്എച്ച്ജി), ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി) എന്നിങ്ങനെ കൃഷി ചെയ്യുന്ന കർഷകർക്കും ഈ പദ്ധതിക്ക് അർഹതയുണ്ട്.