ന്യൂഡൽഹി : എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ ക്യാൻസർ സെൻ്ററുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ . അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
“പ്രത്യേകിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ ഇത്തരത്തിലുള്ള 200 കേന്ദ്രങ്ങൾ സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളമുള്ള കാൻസർ ചികിത്സ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്,” നിർമ്മല സീതാരാമൻ പറഞ്ഞു.
മറ്റ് ആശുപത്രികളെ അപേക്ഷിച്ച് കൂടുതൽ സുഖപ്രദമായ അന്തരീക്ഷമാണ് ഈ ഡേകെയർ കാൻസർ സെൻ്ററുകളിൽ ഉള്ളത്, ഇവിടെയുള്ള മെഡിക്കൽ സംഘം രോഗികളുടെ ഭയം കുറയ്ക്കുകയും മികച്ച ചികിത്സ ലഭിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.: ഡേകെയർ കാൻസർ സെൻ്ററുകൾ കൂടുതൽ സൗകര്യപ്രദവുമാണ്. ജനങ്ങളുടെ സൗകര്യത്തിനനുസരിച്ചാണ് ഇവിടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
രോഗികളെ അവരുടെ ദിനചര്യയും ജീവിത നിലവാരവും നിലനിർത്താൻ അനുവദിക്കുന്നു. കൂടാതെ, രോഗികൾക്ക് സമഗ്രമായ പരിചരണം നൽകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധരുടെ ഒരു ടീമും ഈ കേന്ദ്രങ്ങളിലുണ്ടാകും . ഇത് മാത്രമല്ല ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും കാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിനുള്ള 36 ജീവൻ രക്ഷാ മരുന്നുകളെയും അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് (ബിസിഡി) പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.