കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ് . കൊച്ചി എളമക്കര പോലീസാണ് കേസെടുത്തിരിക്കുന്നത് . സമൂഹമാദ്ധ്യമങ്ങളിൽ നടിക്കെതിരെ പോസ്റ്റുകൾ പങ്കുവച്ചതിനാണ് നടപടി.
പരാതിക്കാരിയായ നടിയെ ടാഗ് ചെയ്ത് സനൽ കുമാർ ഒന്നിലധികം പോസ്റ്റുകൾ പങ്കുവെക്കുകയും നടിയുടേതാണെന്ന് അവകാശപ്പെട്ട് ഓഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്തതിനെ തുടർന്നാണ് നടി പോലീസിനെ സമീപിച്ചത് . സനൽ കുമാർ അമേരിക്കയിൽ നിന്നാണ് ഈ പോസ്റ്റുകൾ ചെയ്തതെന്നാണ് സൂചന .
സംവിധായകനെതിരെ മുൻപും നടി സമാനമായ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ സനൽകുമാർ അറസ്റ്റിലായിരുന്നു. പ്രണയാഭ്യർത്ഥനകൾ നിരസിച്ചതിനെത്തുടർന്ന് സനൽ കുമാർ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് 2022ൽ നടി പരാതിയിൽ പറഞ്ഞത്.പിന്നീട് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.