ടെഹ്റാൻ : ടെഹ്റാനിലെ യുദ്ധസ്മാരകത്തിൽ നൃത്തം ചെയ്ത രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ഇറാൻ പോലീസ്. ഇവരുടെ വീഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.വൈറലായ വീഡിയോയിൽ രണ്ട് പെൺകുട്ടികളും സേക്രഡ് ഡിഫൻസ് വാർ മെമ്മോറിയലിൽ നൃത്തം ചെയ്യുന്നത് കാണാം. 1980-1982 കാലഘട്ടത്തിൽ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് സമർപ്പിക്കപ്പെട്ടതാണ് ഈ സ്മാരകം.
വീഡിയോയിലെ രണ്ട് പെൺകുട്ടികളും ജീൻസ് ധരിച്ചിരുന്നു. ഒരാൾ സ്വെറ്ററും രണ്ടാമത്തെ പെൺകുട്ടി ഫാഷനബിൾ ആയ ടോപ്പും ധരിച്ചിരുന്നു. ഈ വസ്ത്രധാരണം അപമര്യാദയാണെന്നാണ് ഇറാൻ അധികൃതർ പറയുന്നത്. ഇതിന് പിന്നാലെ പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ക്ലോസ് ചെയ്തു. ഈ അറസ്റ്റിന് ശേഷം നിരവധി ഇറാനിയൻ സ്ത്രീകൾ തങ്ങളുടെ നൃത്ത വീഡിയോകൾ പോസ്റ്റ് ചെയ്ത് പ്രതിഷേധിച്ചു.
ഇറാൻ്റെ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 637 പ്രകാരം ,ഒരു പുരുഷനോ സ്ത്രീയോ ആരായാലും, പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നത് പൊതു മര്യാദയ്ക്കെതിരായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. അതിൻ്റെ ശിക്ഷ 100 ചാട്ടവാറടി വരെയാകാം. നൃത്തത്തിൻ്റെ പേരിൽ ഇറാനിൽ ഒരാൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്നത് ഇതാദ്യമല്ല.
2014-ൽ, ഫാരൽ വില്യംസിൻ്റെ ഹാപ്പി എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ആറ് യുവാക്കൾക്ക് ഒരു വർഷത്തെ തടവും 91 ചാട്ടയടിയും വിധിച്ചിരുന്നു.