ബെൽഗാം ; കർണാടകയിൽ ഏഴുവയസ്സുകാരനെ നാലുലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.ബെൽഗാമിൽ ഹുക്കേരി താലൂക്കിലെ സുൽത്താൻപൂരിലാണ് സംഭവം.
കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബാസപ്പ മഗദ് , ലക്ഷ്മി ബാബു ഗോലഭവി, സംഗീത വിഷ്ണു സാവന്ത്, അനസൂയ ഗിരിമല്ലപ്പ ഡോഡ്മണി എന്നിവരാണ് അറസ്റ്റിലായത്.
കോലാപൂർ, കാർവാർ എന്നിവിടങ്ങളിൽ നിന്നുള്ള ചില ഇടനിലക്കാരുമായി ചേർന്നാണ് രണ്ടാനച്ഛൻ കുട്ടിയെ ദിലാഷാദ് സിക്കന്ദർ തഹസിൽദാർ എന്ന സ്ത്രീക്ക് നാല് ലക്ഷം രൂപയ്ക്ക് വിറ്റത്. നാല് മാസം മുൻപാണ് കുട്ടിയുടെ അമ്മ സംഗീത ഗുഡപ്പ കമ്മാറിനെ മഗദ് വിവാഹം കഴിച്ചത്.
മഗദും മുമ്പ് വിവാഹിതനായിരുന്നു. ഈ ബന്ധത്തിൽ കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ഇരുവരുടെയും ആദ്യബന്ധത്തിലെ മക്കൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇത് കണ്ട് മടുത്താണ് താൻ കുട്ടിയെ വിറ്റതെന്ന് മഗദം പോലീസിനോട് പറഞ്ഞു.
ഇതിനിടെ മകനെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ സംഗീത കമ്മാർ പരാതി നൽകി. അന്വേഷണത്തിൽ, ബൈലഹോംഗലയ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തിൽ നിന്ന് പോലീസ് കുട്ടിയെ കണ്ടെത്തി. തുടർന്നാണ് നാലു പേരെ പിടികൂടിയത്.