ചെന്നൈ: മോഹൻലാൽ നായകനായ സിദ്ദിഖ് ലാൽ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ തെലുങ്ക് നടന് വിജയ രംഗരാജു അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
സിനിമാ ചിത്രീകരണത്തിനിടെ കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ വെച്ച് വിജയ രംഗരാജുവിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സ പുരോഗമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് വിജയ രംഗരാജു തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കുന്നത്. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിംഗ്, ഭാരോദ്വഹനം മേഖലകളിലും സജീവമായിരുന്നു. തെലുങ്ക്, മലയാളം സിനിമകളിലായി നിരവധി വില്ലൻ വേഷങ്ങളും സഹനടന്റെ വേഷങ്ങളും ചെയ്തിട്ടുണ്ട്.