വെക്സ്ഫോർഡ്: വെക്സ്ഫോർഡ് തീരത്തടിഞ്ഞ ചരക്ക് കപ്പൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. വാരാന്ത്യവും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു റോണി പോയിന്റിന് സമീപം ബെൽജിയം പതാകയുളള ഫാസ്റ്റ് ജെറ്റ് എന്ന കപ്പൽ അടിഞ്ഞത്.
കപ്പലിന്റെ ഉടമകളായ ഫാസ്റ്റ് ലൈൻസ് ബെൽജിയം രക്ഷാപ്രവർത്തന വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളാകും. രക്ഷാപ്രവർത്തനത്തിനായി എത്തിച്ച ഉപകരണങ്ങൾ സ്ഥലത്തു തന്നെയുണ്ട്. രണ്ട് ടഗ്ഗുകളും വിവിധ സപ്പോർട്ട് ക്രാഫ്റ്റുകളും വിദഗ്ധരും രക്ഷാപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുന്നതിന് മുൻപായി അപകട സാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു ഇത്രയും ദിവസം നടന്നത്. അതേസമയം കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണ്. ഇവർ ഡബ്ലിനിലാണ് നിലവിലുള്ളത്. കപ്പൽ കരയ്ക്കടിഞ്ഞതിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും ഹെലികോപ്റ്ററിൽ ഡബ്ലിൻ വെസ്റ്റേൺ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

