തിരുവനന്തപുരം : നെടുമങ്ങാട് പഴക്കുറ്റി-വെമ്പായം റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്ക് . കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത് .
ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കൊടുംവളവിൽ ഇന്നലെ രാത്രി 10.20 ഓടെ അപകടമുണ്ടായത്. 49 പേരാണ് ബസിൽ ഉണ്ടായിരുന്നത് . സാരമായി പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ശേഷിച്ചവരെ നെടുമങ്ങാട് ജില്ലാ ആശുപത്രി, കന്യാകുളങ്ങര ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. ബസിൽ സ്ത്രീകളും , കുട്ടികളും ഉൾപ്പെടെ ഉണ്ടായിരുന്നു.
ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയിൽ നിന്ന് മൂന്നാറിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയവരാണ് ബസിൽ ഉണ്ടായിരുന്നത് . അമിതവേഗതയിലായിരുന്നു ബസ് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്.
മന്ത്രിമാരായ ജി.ആർ.അനിൽ, വീണാ ജോർജ് എന്നിവർ പരുക്കേറ്റവരുടെ ചികിത്സ നൽകുന്നതിന് ആശുപത്രികൾക്ക് അടിയന്തര നിർദേശം നൽകി.