തിരുവനന്തപുരം ; പത്മജ വേണുഗോപാലിന് പിന്നാലെ അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിടുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പത്മിനി പാർട്ടി വിടുന്നത് . കോൺഗ്രസിലേയ്ക്ക് മടങ്ങി വരാനാണ് ആഗ്രഹിക്കുന്നതെന്നും രാജിക്കത്ത് ഇന്നു തന്നെ കൈമാറുമെന്നും പത്മിനി മാധ്യമങ്ങളോട് പറഞ്ഞു.
‘ ബിജെപിയിലേയ്ക്ക് പോയത് എടുത്ത് ചാട്ടമായിരുന്നു. ഉപാധികളൊന്നും വച്ചല്ല ബിജെപിയിലേയ്ക്ക് എത്തിയത്. കായികതാരങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അത് ഉദ്ദേശിച്ചാണ് പാർട്ടിയിൽ എത്തിയതും. എന്നാൽ കായികരംഗത്തിനു വേണ്ടി ഒന്നും ചെയ്യാൻ പാർട്ടിയിൽ എനിക്ക് അവസരം ലഭിച്ചില്ല “ – പത്മിനി പറഞ്ഞു.
രാജി വയ്ക്കുന്നതിനെ പറ്റി ഒരു വർഷം മുൻപ് ചിന്തിച്ച് തുടങ്ങിയിരുന്നുവെന്നും ഇന്ന് തന്നെ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറുമെന്നും പത്മിനി പറഞ്ഞു. കോൺഗ്രസിലേയ്ക്ക് മടങ്ങാനാണ് തനിക്ക് ആഗ്രഹമെന്നും അവർ പറഞ്ഞു.
‘ ഞാൻ കോൺഗ്രസ് കുടുംബത്തിലുള്ള ആളാണ്.ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കുടുംബത്തിൽ നിന്ന് മാറി നിന്നു. ഇപ്പോൾ കുടുംബത്തിലേയ്ക്ക് മടങ്ങി വരുന്നു. ബിജെപിയിൽ പോയപ്പോൾ സ്വന്തം കുടുംബത്തിൽ തന്നെ പലരും എന്നോട് മിണ്ടാതിരുന്നു. ഇനി അത് മാറും. പാർട്ടി വിട്ട് പോകുന്നതും, പോകാത്തതും നമ്മുടെ ഇഷ്ടമാണ് . തെറ്റ് പറ്റിയെങ്കിൽ അത് തിരുത്താനും പറ്റണം . വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപി വിട്ട് വരും’’ – പത്മിനി പറഞ്ഞു.
2024 ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മിനി ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.

