കടലുകളും സമുദ്രങ്ങളും നമുക്ക് പരിചിതമാണ്. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ഭൂരിഭാഗം പേരും. രണ്ടും വെള്ളമാണെങ്കിലും സമുദ്രത്തെയും കടലിനെയും വേർപെടുത്തുന്ന നിരവധി വ്യത്യാസങ്ങളാണുള്ളത്. നമ്മുടെ ഭൂമിയിൽ നിരവധി കടലുകളാണുള്ളത്. എന്നാൽ സമുദ്രങ്ങളുടെ എണ്ണം ആകട്ടെ അഞ്ചും. സമുദ്രങ്ങളും കടലുകളും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം.
ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികം ഉൾക്കൊള്ളുന്ന ജലാശയങ്ങളാണ് സമുദ്രങ്ങൾ. പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, അന്റാർട്ടിക് സമുദ്രം എന്നിവയാണ് ഭൂമിയിലുള്ള സമുദ്രങ്ങൾ. സമുദ്രങ്ങൾ അടയാളങ്ങളാൽ വേർതിരിക്കപ്പെട്ടിട്ടില്ല. പകരം അതിന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് ആർട്ടിക് മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ആർട്ടിക് സമുദ്രത്തിന് ആർട്ടിക് സമുദ്രമെന്ന പേര് നൽകിയിരിക്കുന്നു. ഇന്ത്യയോട് ചേർന്ന് കിടക്കുന്ന സമുദ്രം ഇന്ത്യാ മഹാസമുദ്രമെന്ന് അറിയപ്പെടുന്നു. ഭൂമിയിലെ ഏറ്റവും വലിയ പരസ്പരബന്ധിതമായ ഉപ്പുജലാശയമാണ് സമുദ്രങ്ങൾ. സമുദ്രജലം ഭൂഖണ്ഡങ്ങളുടെ കരഭാഗങ്ങൾ കൂടിച്ചേരുന്ന അരികുകളിലായി സ്ഥിതിചെയ്യുന്നു. സമുദ്രങ്ങൾ വളരെ വിശാലവും വലുതുമാണ്. ആഴക്കൂടുതലാണ് സമുദ്രങ്ങളുടെ മറ്റൊരു സവിശേഷത. ഒന്നോ അതിലധികമോ കടലുകൾ സമുദ്രങ്ങളോട് ചേർന്നിരിക്കും. ഉപ്പിന്റെ അളവ് സമുദ്രങ്ങളിൽ ഒരുപോലെ ആയിരിക്കും. കടലുമായി താരതമ്യം ചെയ്യുമ്പോൾ ജീവജാലങ്ങളുടെ എണ്ണം കുറവാണ്. കടലിന്റെ അടിഭാഗത്തേയ്ക്ക് സൂര്യപ്രകാശം എത്താത്തതാണ് ഇതിന് കാരണം. സമുദ്രങ്ങളുടെ നിറമാണ് മറ്റൊരു സവിശേഷത. നല്ല കടുംനീല നിറത്തിലായിരിക്കും സമുദ്രങ്ങൾ കാണപ്പെടുക.
സമുദ്രങ്ങളെക്കാൾ ചെറുതാണ് കടലുകൾ. കരയോട് ചേർന്ന് കരകളാൽ ചുറ്റപ്പെട്ട ജലാശയങ്ങളാണ് കടലുകൾ. കരയോട് ചേർന്നിരിക്കുന്നതിനാൽ കടലുകളുടെ ആഴവും സമുദ്രത്തെ അപേക്ഷിച്ച് കുറവാണ്. ഒരു സമുദ്രത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ കടലുകൾ ഉണ്ടാകാം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗങ്ങളാണ് അറബിക്കടലും ബംഗാൾ ഉൾക്കടലും. കടലുകളിൽ ഉപ്പിന്റെ അളവിൽ വ്യത്യാസം ഉണ്ടായിരിക്കും. ബാഷ്പീകരണവും പുഴകളിൽ നിന്നുള്ള വെള്ളം വന്നു ചേരുന്നതിനാലും ആണ് ഉപ്പിന്റെ അളവ് വ്യത്യാസപ്പെടുത്തുന്നത്. സമുദ്രത്തെക്കാൾ കടലുകൾക്ക് വിസ്തീർണം കുറവാണ്. കടലിൽ ജീവജാലങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. സൂര്യപ്രകാശത്തിന് കടന്നുചെല്ലാൻ കഴിയുന്നതാണ് ഇതിന് കാരണം.

