ചണ്ഡീഗഡ്: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയിൽ വേ ട്രാക്കിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ . 21 വയസ്സുകാരിയായ മഹക്ദീപ് കൗർ, 22 വയസ്സുകാരനായ ദവിന്ദർ സിംഗ് എന്നിവരെയാണ് പഞ്ചാബിൽ നിന്ന് പിടികൂടിയത്. രാജസ്ഥാൻ ആന്റി ടെറർ സ്ക്വാഡ്, ശ്രീ ഗംഗാനഗർ പൊലീസ്, പഞ്ചാബ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് ഇരുവരും പിടിയിലായത്.
പാക് ഭീകരസംഘടനകളിലെ രണ്ട് പേരുമായി അറസ്റ്റിലായ യുവതിയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘ ചാച്ച , ഷാ ‘ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രണ്ട് ഭീകരരും പണം വാഗ്ദാനം ചെയ്തും , പ്രണയക്കെണിയിൽപ്പെടുത്തിയുമാണ് യുവതിയെ കുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ചത്.
പാക് ചാരസംഘടനയായ ഐ എസ് ഐ ഇത്തരത്തിൽ ആളുകളെ കുടുക്കുന്നത് വർധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട് . ഗംഗാനഗർ സ്വദേശിയായ ബബിത എന്ന സ്ത്രീയെയും ഐ എസ് ഐ സമാനമായ രീതിയിൽ കുടുക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഭർത്താവുമായി അകന്നാണ് കൗർ താമസിച്ചിരുന്നത്.
റെയിൽ വേ ട്രാക്കിൽ സ്ഫോടനം നടത്തുന്നതിനായി ഇവർക്ക് പണം ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ കൗറിൽ നിന്ന് ആയുധങ്ങളും, വെടിയുണ്ടകളും പണവും കണ്ടെടുത്തു. ഇവർക്ക് സൗകര്യങ്ങൾ ഒരുക്കി നൽകിയതുമായി ബന്ധപ്പെട്ടും മൂന്ന് പേരെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.
നവംബർ 3-ന് രാത്രിയിലാണ് ഗംഗാനഗറിലുള്ള റാസിംഗ് പൂരിന് സമീപത്തെ ട്രാക്കിൽ സ്ഫോടനം ഉണ്ടായത് . രണ്ട് റെയിൽ വേ സ്ലീപ്പറുകൾ തകരുകയും, ട്രാക്കിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

