തിരുവനന്തപുരം : ജനങ്ങൾക്ക് ഹാനികരമായ നിയമം സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും, വനനിയമ ഭേദഗതി ഉപേക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ വന നിയമ ഭേദഗതിയിൽ ആശങ്കകൾ ഉയർന്നിട്ടുണ്ടെന്നും, അത് പരിഹരിക്കാതെ മുന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും സർക്കാർ നടപ്പിലാക്കില്ല. നിയമം മനുഷ്യർക്ക് വേണ്ടിയാണ്. വന നിയമ ഭേദഗതിയിൽ സർക്കാരിന് വാശിയില്ലെന്നും, വേണ്ടെന്ന് വെക്കാനാണ് സർക്കാർ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
2013ൽ യുഡിഎഫ് സർക്കാർ ഭരണകാലത്താണ് വനം നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. മനഃപൂർവം കടന്നു കയറുക, എന്ന ഉദ്ദേശത്തോടെ വനത്തിൽ കയറുക, വനത്തിനുള്ളിൽ വാഹനം നിർത്തുക ഇതെല്ലാം കുറ്റമാക്കുക എന്നായിരുന്നു അന്നത്തെ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീട് അതിന്റെ തുടർ നടപടികളാണ് ഉണ്ടായിരുന്നത്.
കർഷകരുടെയും, മലയോര മേഖലകളുടെയും ന്യായമായ ആവശ്യങ്ങൾക്കെതിരെ സർക്കാർ ഒരു നിയമവും കൊണ്ട് വരില്ല. വനം നിയമ ഭേദഗതിക്കെതിരെ പലതരത്തിലും ഉയർന്ന് വരുന്ന ആശങ്കകൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും അതെല്ലാം
പരിഹരിക്കാതെ മുന്നോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യ ജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്, കേന്ദ്രം ഏർപ്പെടുത്തിയ വ്യവസ്ഥകളാണ്. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതികൾ ഉണ്ട്. അതുകൊണ്ട് തന്നെ, സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സ്ത്രീകൾക്കെതിരെ ഉയർന്ന് വരുന്ന അതിക്രമങ്ങൾക്കെതിരെ കർശനമായി നടപടിയെടുക്കുമെന്നും, അത്തരം കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ പണമോ, സ്ഥാനമോ പരിഗണിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.