ലിമെറിക്ക്: ലിമെറിക്കിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് 5.20 ഓടെ എം20 മോട്ടോർവേയിൽ ആയിരുന്നു സംഭവം. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അപകടത്തിൽ മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിന് പിന്നാലെ സാങ്കേതിക പരിശോധനയ്ക്കായി റോഡ് അടച്ചിട്ടു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇത് വീണ്ടും തുറക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ എം20 യിൽ യാത്ര ചെയ്തവർ ഡാഷ് ക്യാം ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരം കൈവശമുള്ളവർ പോലീസുമായി ബന്ധപ്പെടണം.

