മലപ്പുറം ; സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല . മലപ്പുറം നിലമ്പൂരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാലു വയസുകാരിയ്ക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. അമരമ്പലത്ത് ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടിയ്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായത്. മറ്റ് രണ്ടു പേർ പാലുണ്ടയിൽ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ ചികിത്സയിൽ കഴിയുന്ന ചിലരുടെ പരിശോധനഫലം പുറത്ത് വന്നിട്ടില്ല.
ഏകദേശം 23 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങൾ കാണിച്ചത് . വയറിളക്കം , ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് ഇവർ ആശുപത്രികളിൽ എത്തിയത്. രോഗാബാധയ്ക്ക് കാരണമായി എന്ന് കരുതുന്ന കടകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പേരുടെ പരിശോധനഫലങ്ങൾ ഉടൻ വരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത് ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൂടുതൽ പേർ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ശുചീകരണം ഉൾപ്പെടെയുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഷിഗെല്ല ജനുസ്സിൽപ്പെട്ട ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് ഉണ്ടാക്കുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
മലിനമായ വെള്ളത്തിന്റെയും കേടായ ഭക്ഷണത്തിന്റെയും ഉപയോഗം, കഴുകാത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം, ഷിഗെല്ല ബാധിച്ച ആളുകളുമായി അടുത്ത ബന്ധം, രോഗബാധിതർ തയ്യാറാക്കിയ ഭക്ഷണം കഴിക്കൽ എന്നിവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്. ഈ മഴക്കാലത്ത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി ദുർബലമായവരിലും മരണസാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ, ഷിഗെല്ല വളരെ വേഗത്തിൽ പടരും. രോഗികളുടെ മലവുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ രോഗം എളുപ്പത്തിൽ പടരും.
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലുകളെ ബാധിക്കുന്നതിനാൽ, വയറിളക്ക സമയത്ത് രക്തവും കാണപ്പെടാറുണ്ട് . രണ്ട് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ചില സന്ദർഭങ്ങളിൽ, ലക്ഷണങ്ങൾ കൂടുതൽ കാലം നിലനിൽക്കും.

