കൊല്ലം : പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന പാരിപ്പള്ളി ഐ ഒ സി ബോട്ലിംഗ് പ്ലാന്റിലെ അതീവ സുരക്ഷാമേഖലയിലേയ്ക്ക് കാർ ഇടിച്ചു കയറ്റി യുവാക്കൾ. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും ചോർച്ച ഉണ്ടാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി . ഇന്നലെ രാത്രി എട്ടരയോടെയാണ് അതീവസുരക്ഷാമേഖലയിൽ കാർ ഓടിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് കാർ അതിവേഗത്തിൽ ടാങ്കറുകൾക്ക് ഇടയിലേയ്ക്ക് പാഞ്ഞുകയറിയത്. ഗേറ്റിലും മറ്റും ഇടിച്ച പാഞ്ഞ കാർ ടാങ്കറുകളിലും ഇടിച്ചു. വാൽവുകളിൽ തട്ടാത്തതിനാൽ വാതകച്ചോർച്ച സംഭവിച്ചില്ല സുരക്ഷാ ജീവനക്കാർ ഓടി എത്തിയെങ്കിലും കാറിന്റെ മരണപ്പാച്ചിൽ തടയാനായില്ല.
അപകടത്തിന് പിന്നാലെ കാർ നിന്നതോടെ കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി . ഇവരെ പിന്നീട് പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പരവൂർ കലയ്ക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. 15 മുതൽ 18 ടൺ വരെ പാചകാവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണ് യാഡിൽ ഉണ്ടായിരുന്നത് . 342 സിലിണ്ടർ വീതം 5 ലോറികളിൽ വിതരണം ചെയ്യാൻ കഴിയുന്ന പാചക വാതകം ഓരോ ബുള്ളറ്റ് ടാങ്കിലുമുണ്ടാകും.
ബോട്ലിങ് പ്ലാന്റിലെ സംഭരണിയിലേക്ക് ശേഖരിക്കുന്നതിനുള്ള ഊഴം കാത്തു കിടക്കുന്ന ടാങ്കറുകളിലേക്കാണു കാർ ഇടിച്ചു കയറിയത്. ടാങ്കറിന് സമീപം ഉണ്ടാകുന്ന ചെറിയൊരു തീപ്പൊരി പോലും വൻ ദുരന്തത്തിനാണിടവയ്ക്കുക. എന്നാൽ ടാങ്കറിന് ചെറിയ പോറലുകൾ അല്ലാതെ ചോർച്ച ഉണ്ടാകാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്. കാറിന് വലിയ തകരാറുകൾ സംഭവിച്ചു. വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് എൽ പി ജി എംപ്ലോയീസ് യൂണിയൻ– ഐഎൻടിയുസി പ്രസിഡന്റ് മൈലക്കാട് സുനിൽ ആവശ്യപ്പെട്ടു.

