കോട്ടയം ; മുണ്ടക്കയം ചോറ്റിയിൽ ഒൻപത് പേർക്ക് പരിക്കേറ്റ വാഹനാപകടം ബോധപൂർവ്വം ഉണ്ടാക്കിയതെന്ന് പൊലീസ് . കാറോടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോൺ (27) നെതിരെ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു . താൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും കണ്ണടച്ചാണ് വാഹനമോടിച്ചതെന്നും ഷാരോൺ പൊലീസിനോട് പറഞ്ഞു
അപകടത്തിൽ പരിക്കേറ്റവരുടെ പരാതിയിലാണ് ഷാരോണിനെതിരെ കേസെടുത്തത് . ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഷാരോൺ ഓടിച്ച കാർ എതിരെ വന്ന കാറിൽ ഇടിച്ചു. പിന്നീട് മൂന്ന് കാറുകളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽ വഴിയാത്രക്കാരൻ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ പരിക്ക് സാരമുള്ളതാണ് . പരിക്കേറ്റ ഷാരോണും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആദ്യം സാധാരണ വാഹനാപകടമെന്നാണ് കരുതിയത്. എന്നാൽ സംഭവസ്ഥലത്ത് നിന്നും സമീപത്തെ കടകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് അപകടം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് വ്യക്തമായത് .കാർ അതിവേഗത്തിൽ ഓടിച്ചെത്തി മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറ്റാൻ മനപൂർവ്വം ശ്രമിക്കുമയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

