കൊച്ചി : 17 കാരൻ ഓടിച്ച ആഢംബര കാറിടിച്ച് മരിച്ച ജയകൃഷ്ണന്റെ ചിത കത്തി തീരുമുൻപേ നീതിയ്ക്കായി പൊലീസുകാർക്ക് മുന്നിലെത്തി മക്കൾ. അപകടമുണ്ടായി 32 മണിക്കൂർ കഴിഞ്ഞപ്പോഴാണ് 17 കാരന്റെ പിതാവായ ജഡ്ജിയ്ക്കെതിരെ കേസ് എടുത്തതെന്ന് കുടുംബം പറയുന്നു. നെടുമ്പാശേരിയിൽ ഈ മാസം 11 ന് മൂന്നു പേർ കൊല്ലപ്പെട്ട കേസിലും പൊലീസിന് വീഴ്ച്ച സംഭവിച്ചതായി ആരോപണമുണ്ടായിരുന്നു . ഇതേ വീഴ്ച്ചയാണിപ്പോൾ ചേരാനല്ലൂർ പൊലീസിനും സംഭവിച്ചിരിക്കുന്നത്.
‘ ഒരു പാട് അസുഖങ്ങൾക്കിടയിലും അച്ഛൻ ഞങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത് . ജോലി വാങ്ങി അച്ഛനെ സന്തോഷത്തോടെ നോക്കണമെന്ന് കരുതിയതാ. തട്ടുകടക്കാരനായതുകൊണ്ടല്ലേ പൊലീസ് ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നത് ‘ എന്നാണ് ജയകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും , മകൻ ഭാഗ്യദർശനും പറയുന്നത് .
26 വർഷമായി സൗത്ത് ചിറ്റൂരിൽ തട്ടുകട നടത്തുന്നയാളാണ് ജയകൃഷ്ണൻ. ഞായറാഴ്ച്ച മകനൊപ്പം കടയിൽ നിന്ന് ചേരാനല്ലൂരിലെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറി മാഞ്ഞാലിയിലെ പുതിയതായി വാങ്ങിയ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഈ സമയത്താണ് പുലർച്ചെ 2 മണിക്ക് ആലുവയിലെ ഫ്ലാറ്റിൽ നിന്ന് 17 കാരൻ പിതാവിന്റെ ഉടമസ്ഥതയിലുള്ള കാറുമായി നൈറ്റ് ഡ്രൈവിന് ഇറങ്ങിയത്. വീട്ടുകാർ അറിയാതെയാണ് വാഹനമെടുത്ത് പോയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി .

