ഡബ്ലിൻ: ഇലക്ട്രോണിക് ഇരുചക്രവാഹനങ്ങളുടെ നിയമവിരുദ്ധ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഡബ്ലിനിൽ വ്യാപക പരിശോധന. നിരവധി ഇ-സ്കൂട്ടറുകൾ, ഇ- ബൈക്കുകൾ, സ്ക്രാംബ്ലറുകൾ എന്നിവ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 122 വാഹനങ്ങളാണ് പിടിച്ചെടുത്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ബുധനാഴ്ച മുതലാണ് പോലീസ് പരിശോധന ആരംഭിച്ചത്. മെട്രോപോളിറ്റൻ മേഖലയിലെ ആറ് ഡിവിഷനുകളിലായിട്ടായിരുന്നു പരിശോധന. ഓപ്പറേഷൻ മീക്കാൻ എന്ന ദൗത്യത്തിന്റെ ഭാഗമായിരുന്നു പരിശോധനയെന്ന് പോലീസ് അറിയിച്ചു. 80 കേന്ദ്രങ്ങളിൽ വാറന്റിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി.
ഗാർഡയുടെ ഡിറ്റക്ടീവ്, ക്രൈം യൂണിറ്റുകൾ, മയക്കുമരുന്ന് വിരുദ്ധ വിഭാഗം, എയർ സപ്പോർട്ട് യൂണിറ്റ്, ഡോഗ് യൂണിറ്റ്, ഡ്രോൺ യൂണിറ്റ്, കമ്മ്യൂണിറ്റി പൊലീസിങ് വിഭാഗം എന്നിവ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്.

