ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് റയാൻഎയറിന് അനുമതി. ഇന്നാണ് ക്ലെയർ കൗണ്ടി കൗൺസിൽ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതിയ്ക്ക് അനുമതി നൽകാൻ വൈകുന്ന പശ്ചാത്തലത്തിൽ വികസനം പോളണ്ടിലേക്ക് മാറ്റാൻ കമ്പനി ആലോചിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അനുമതി.
ഷാനൻ വിമാനത്താവളത്തിൽ ഫോർ ബേ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാംഗർ നിർമ്മിക്കാനാണ് റയാൻഎയർ പദ്ധതിയിടുന്നത്. 50 മില്യൺ യൂറോയുടെ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ജൂലൈയിൽ ആയിരുന്നു വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അനുമതി തേടി കൗൺസിലിനെ സമീപിക്കുകയായിരുന്നു. എന്നാൽ കൗൺസിൽ ഇതിൽ കാലതാമസം വരുത്തി. ഇതേ തുടർന്ന് ഈ മാസം ആദ്യമാണ് പദ്ധതി പോളണ്ടിലേക്ക് മാറ്റുമെന്ന് കമ്പനി പ്രതികരിച്ചത്.

