തിരുവനന്തപുരം : ഇഡി വേട്ടയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണ നടപടികൾ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഎം നേതാവ് എം വി ഗോവിന്ദൻ . നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന വിധിയായി ഇതിനെ കാണുന്നുവെന്നും പിണറായിക്കെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡിയ്ക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇത് രാഷ്ട്രീയ പക പോക്കലാണെന്ന് മുൻപേ പറഞ്ഞിരുന്നു . പിണറായി വിജയൻ്റെ ഹർജി പരിഗണിക്കണമായിരുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. വീണ്ടും പരിഗണിക്കണം എന്ന് പ്രത്യേകം ആവശ്യപ്പെട്ടിരിക്കുന്നു.സർക്കാരിനെ കോടതി വിമർശിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മാസപ്പടി കേസുമായി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ആരംഭിച്ച വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതി ഒരാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ കേസിൽ ആദ്യം വാദം കേൾക്കണമെന്ന് സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചു.
കോടതിയുടെ നിർദ്ദേശപ്രകാരമല്ല, മറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സർക്കാർ കേസ് രജിസ്റ്റർ ചെയ്തത്. സിംഗിൾ ബെഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടപ്പോൾ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. ദസറ അവധി ദിവസമായിരുന്നിട്ടും, കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ചാണ് അപ്പീലിൽ വാദം കേട്ടത് . മുൻ മുഖ്യമന്ത്രിയ്ക്കെതിരെ ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം പോലും നടത്താത്തതിന് സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
അപ്പീൽ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. ഇതിനെത്തുടർന്നാണ് മൂന്നുപേരും സുപ്രീം കോടതിയെ സമീപിച്ചത്.

