വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വീടിന് തീ വച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ലഹരിസംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഗാർഡ പുറത്തുവിട്ടത്. ഈ വർഷം നിരവധി തവണ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായി എന്നാണ് പോലീസ് അറിയിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് പോലും കുടുംബം ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. 2023 ൽ ഇവരുടെ കാറിന് നേരെ പെയിന്റ് ഒഴിക്കുന്ന സംഭവം ഉണ്ടായതായും പോലീസ് അറിയിക്കുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

