വാഷിംഗ്ടൺ : പാറ്റാ പാർട്ടിയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഇന്ത്യൻ യുവാക്കളോട് ആഹ്വാനം ചെയ്ത് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും എതിർക്കുന്ന അമേരിക്കയിലെ ചിലരിൽ നിന്ന് പാറ്റാ പാർട്ടിയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും മിൽബെൻ ആരോപിച്ചു.
സോഷ്യൽ മീഡിയയിലാണ് മേരി മിൽബെന്റെ പ്രതികരണം . പാറ്റാ പാർട്ടിയ്ക്കും , പ്രതിപക്ഷത്തിനുമെതിരെ മേരി മിൽബെൻ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചു.. ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരതയ്ക്കും വികസനത്തിനും തടസ്സങ്ങളായി കരുതുന്ന പ്രവർത്തനങ്ങൾക്കെതിരെ രാജ്യത്തെ യുവാക്കൾ ശബ്ദമുയർത്തണം . മോദി 25 വർഷമായി പൊതുജീവിതത്തിൽ സജീവമാണെന്നും 12 വർഷമായി പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചിട്ടുണ്ടെന്നും മിൽബെൻ പറഞ്ഞു. തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പ് കാലയളവുകളിൽ വിജയിച്ച പ്രധാനമന്ത്രി ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങില്ല.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ യാഥാസ്ഥിതിക നേതാക്കളെ ചില അമേരിക്കൻ സംഘങ്ങൾ ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയിൽ വിദ്യാഭ്യാസം നേടിയ ചിലരെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാമെന്നും വാഗ്ദാനം നൽകിയാണ് ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്യുന്നതെന്നും മിൽബെൻ പറഞ്ഞു.

