ഡബ്ലിൻ : പുതിയ ശമ്പള കരാർ അംഗീകരിക്കുന്നതിലെ കാലതാമസത്തിനെതിരെയുള്ള സമരത്തിൽ പങ്ക് ചേർന്ന് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് അംഗങ്ങൾ. കഴിഞ്ഞയാഴ്ച വ്യാവസായിക സമരം ആരംഭിച്ച മറ്റ് പ്രധാന അധ്യാപക സംഘടനകൾക്കൊപ്പമാണ് ഇവരും പങ്ക് ചേരുന്നത്.
സെക്കൻഡറി സ്കൂളുകളിലെയും തുടർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 23,000-ത്തിലധികം ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് അംഗങ്ങൾ പ്രവൃത്തി സമയത്തിന് പുറത്തുള്ള ജോലികൾ ഇനി ചെയ്യില്ല. സെക്കൻഡ് ലെവൽ സ്കൂളുകളിലെ അംഗങ്ങളും ക്രോക്ക് പാർക്ക് സമയങ്ങളിൽ നിന്ന് പിന്മാറും.2010-ൽ പ്രാബല്യത്തിൽ വന്ന വ്യാവസായിക ബന്ധ കരാറിന്റെ ഭാഗമായി അധ്യാപകർ ജോലി ചെയ്യേണ്ട അധിക സമയങ്ങളാണിത്.
ബുധനാഴ്ച നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായാണ് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് അംഗങ്ങളും സമരത്തിൽ പങ്ക് ചേർന്നിരിക്കുന്നത് . പണിമുടക്കിൽ 300,000-ത്തിലധികം പൊതുമേഖലാ തൊഴിലാളികൾ ജോലി നിർത്തി പിക്കറ്റ് ലൈനുകളിൽ പങ്കെടുക്കും.

