ന്യൂഡൽഹി: പാറ്റാ പാർട്ടി സമരത്തെ തുടർന്ന് സ്ഥാപിച്ച ബാരിക്കേഡുകൾ “അതീവ അനിവാര്യമെങ്കിൽ” നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി . പ്രതിഷേധത്തെത്തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനെതിരായ ഹർജികൾ പരിഗണിക്കാൻ ഇന്ന് ചേർന്ന സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിന്റേതാണ് നിർദേശം.
പൊതു ക്രമസമാധാന സാഹചര്യങ്ങൾക്കനുസരിച്ചുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി, ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ നിലയിലാക്കണമെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഇത് സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത് .
പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ അത് പോലീസ് നിയമത്തിന് വിധേയമായിരിക്കണമെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.”പ്രതിഷേധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, അതിൽ യാതൊരു തർക്കവുമില്ല; എന്നാൽ പ്രതിഷേധിക്കുന്ന രീതി പോലീസ് നിയമത്തിന് അനുസൃതമായിരിക്കണം,” സുപ്രീം കോടതി പറഞ്ഞു.
ഡൽഹിയിൽ ഗതാഗതവും ഇന്റർനെറ്റ് സേവനങ്ങളും സാധാരണ നിലയിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജനങ്ങളുടെ പ്രൊഫഷണൽ ജോലികൾ തടയരുതെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് സുപ്രീം കോടതി പറഞ്ഞു. ആളുകൾക്ക് അവരുടെ പ്രൊഫഷണൽ ജോലികൾ ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരരുത്. മെട്രോ സാധാരണ സമയക്രമം അനുസരിച്ച് പ്രവർത്തിപ്പിക്കണം.
ഒരു പോലീസ് ഉദ്യോഗസ്ഥന് വ്യക്തിപരമായി പരിക്കേറ്റിട്ടുണ്ടെങ്കിൽ, അവർക്ക് കോടതിയെ പ്രത്യേകം സമീപിക്കാം. ഇര ആരാണെന്ന് കോടതിക്ക് പ്രശ്നമല്ല. പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കേണ്ടത് കോടതിയുടെ തുല്യ ഉത്തരവാദിത്തമാണ്. അത് ഒരു പോലീസ് ഉദ്യോഗസ്ഥനായാലും അഭിഭാഷകനായാലും സാധാരണ പൗരനായാലും, എല്ലാ വ്യക്തിയുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിക്ക് തുല്യ കടമയുണ്ട്. ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ഈ കേസിൽ ഇനി ചൊവ്വാഴ്ച വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

